Thursday, September 24, 2009

സ്വപ്ന ജീവികള്‍


ഇത്രയും താപം॥
സൂര്യന്റെ അസൂയ കൊണ്ടായിരിക്കും
ഒന്നിനെയും പുണരാന്‍ തനിക്കാവില്ലെന്ന തോന്നല്‍

നീല കുപ്പായം, ഉരുകിയൊലിക്കുന്ന ഓര്‍മകള്‍
ഉള്ളുരുക്കും വെയിലിലും തിളങ്ങുന്ന നാണയങ്ങള്‍
തിളക്കമായിരിക്കാം പിന്നെയും
ഇങ്ങനെ കരിയാന്‍ അവരെ നിര്‍ത്തുന്നത്
പല ചിരികളും സ്വപ്നവും പിന്നെയും
കരയാനും കരിയാനും ഇര മ്യഗത്തെ പോലെ

സൂര്യനോളം പ്രഭയില്ലെങ്കിലും സൂര്യനോളം -
ഉള്ളുരുക്കം ഈ സൂര്യന്‍ മാര്‍ക്കും കാണാതിരിക്കില്ല।

Thursday, September 17, 2009

പാര്‍ക്കിംഗ് ടിക്കറ്റുകള്‍

ഒരു ചീന്ത് കടലാസു കഷ്ണം।
സമയം കുറിച്ചിരിക്കുന്നു വലിയ അക്കത്തില്‍ തന്നെ
ജീവിതം എടുത്തു കൊണ്ട് പോകേണ്ട സമയത്തിനപ്പുറം

പിന്നെയും വലിയ കടലാസു കഷ്ണങ്ങള്‍ വന്നു ചേരും
ചക്രത്തില്‍ നിന്നുമിറങ്ങാതെ പിന്നെയും പിന്നെയും
വന്ന ദുര്‍മേദസ്സുകള്‍ അയാളുടെ ജീവനെടുത്ത് പറന്നു।
സമയമായിട്ടും ചീട്ടുകള്‍ മാറാതിരിക്കയാല്‍
പിന്നെയും കടലാസു കഷ്ണങ്ങള്‍ വന്നു ചേരുന്നു।
മറ്റൊരു വെള്ള തുണീകഷണം അയാളെ മറ്റെവിടെയൊ
കാത്തിരിക്കുന്നുണ്ടാവണം..

Wednesday, September 16, 2009

പ്രവാസത്തിന്റെ താളുകള്‍

പണ്ട് ചിരിച്ചു കൊണ്ടെടുത്ത പാസ്സ്പോര്‍ട്ടിലെ
പടത്തില്‍ ചെറുതായി പൂപ്പല്‍ വന്നിരിക്കുന്നു
ചിരി ചെറുതായി മങ്ങി,അരികുകള്‍ ചെമ്പിച്ച്
അറിയാതെ പ്ലാസ്റ്റിക് ആവരണം അഴിഞ്ഞു മാറി
ഇനിയും മഷി പുരളാത്ത താളുകള്‍ ഇല്ല
ഇനിയും മുഖവും മുഖചിത്രവും മാറ്റാതിരിക്കാന്‍ കഴിയില്ല
ഉദ്യോഗസ്ഥര്‍ ചിത്രത്തിലേക്കും എന്റെ ജീവിതത്തിലേക്കും മാറി മാറി നോക്കുന്നു
എന്തൊക്കെയോ എവിടെയോ കൊഴിഞ്ഞു പോയ പോലെ.
പക്ഷെചില തിയതികള്‍ വെറുതെ കളിയാക്കി ചിരിക്കുന്നു.

Tuesday, September 15, 2009

വിളക്കുകാല്‍

എത്ര വട്ടം ഇതു വഴി പോയിരിക്കുന്നു
വഴിയില്‍ വണ്ടിയുടെ ചക്രപ്പാടുകളില്‍ മഴവെള്ളം
അങ്ങീങ്ങായി കീറിയ പത്രക്കടലാസുകള്‍
കടല പൊതിഞ്ഞതായിരിക്കണം അല്ലെങ്കില്‍ കടപ്പണ്ടങ്ങള്‍
ഓവുപാലത്തിന്റെ സ്മന്റുകള്‍ അടര്‍ന്നിരിക്കുന്നു
റോഡിലെ മെറ്റല്‍ അടര്‍ന്ന ചെറുകുഴിയില്‍
വിളക്കുകാലിന്റെ പൂതലിച്ച അറ്റം നിഴലിച്ചു കണ്ടു